Submit your Poem / Article at അനുഭവങ്ങള്‍ പാളിച്ചകള്‍ (അനുഭവങ്ങളിലൂടെ)
 
ഭീകരരാത്രി.... Add a Comment
Posted By: 
SUBJECT  ഭീകരരാത്രി....

സുരേഷ് കാലുകള്‍ നീട്ടിവലിച്ചു നടന്നു. ഇനിയും വനത്തിലൂടെ കിലോമീറ്ററുകള്‍ നടന്നാലേ ഇരുട്ടുന്നതിനു മുന്‍പ് നാണുവാശാന്റെ വീട്ടിലെത്താന്‍ കഴിയൂ. പോകുന്ന വഴിയെല്ലാം പലവിധ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. ഒരു തവണ ഒരു പറ്റം കാട്ടാ‍നകളുടെ മുന്‍പില്‍ ചെന്നുപെട്ടതാണ്. അവ കാട്ടിലെ വഴിത്താരയില്‍ നിശ്ശബ്ദം നില്‍ക്കുകയായിരുന്നു. ഒരു വളവ് തിരിഞ്ഞതും ആനകളുടെ ചിന്നം വിളിയും ഒപ്പം തുമ്പിക്കൈ ചുഴറ്റിവീശിക്കോണ്ടുള്ള വരവും കണ്ടപ്പോള്‍ പകുതി ജീവന്‍ പോയി. അവിടെ നിന്നും കാട്ടിലൂടെ കുറെ ദൂരം ഓടി. കാരമുള്ളിട്ട് വലിച്ച് ദേഹം മുഴുവന്‍ ചോര ഒഴുകുന്നു. വഴിയില്‍ കണ്ട അരുവിയില്‍ നിന്നും കുറെ വെള്ളം കുടിച്ച് അല്‍പ്പസമയം അതിന്റെ കരയില്‍ വിശ്രമിച്ചതിനു ശേഷമാണ് അവന്‍ വീണ്ടും യാത്ര തുടര്‍ന്നത്. ഉച്ചയ്ക്കുള്ള ആ യാത്ര ഏതായാലും ഒഴിവാക്കാമായിരുന്നു. ഇനി പറഞ്ഞിട്ട് കാര്യമില്ല. പകുതി ദൂരം വഴി പിന്നിട്ടു. നേരം സന്ധ്യയാകുന്നു. ഓട്ടത്തിനിടയില്‍ കയ്യില്‍ കരുതിയിരുന്ന ടോര്‍ച്ചും ഒരു ഉറപ്പിന് കരുതിയിരുന്ന കഠാരയും നഷ്ടപ്പെട്ടു. കഠാര കാട്ടിലൂടെ യാത്ര പോകുമ്പോഴെല്ലാം അവന്‍ കൂടെ കരുതാറുള്ളതാണ്.

നാണുവാശാന്റെ വീട്ടിലേക്ക് ഇനിയും അഞ്ച് കിലോമീറ്റര്‍ എങ്കിലും നടക്കണം. ഇനിയുള്ളത് അതിഘോരവനമാണ്. അത് കടന്ന് കിട്ടിയാല്‍ നാട്ടുമ്പുറമായി. പക്ഷേ ഇരുട്ടു കട്ടപിടിച്ച ആ ദുര്‍ക്കടമായ കാട്ടുവഴിയിലൂടെയുള്ള നടത്തം അവന്റെ ഹൃദയമിടിപ്പിന്റെ വേഗത ഇരട്ടിയാക്കി.

മങ്ങിയ വെളിച്ചത്തില്‍ അല്പം മുന്‍പിലായി എന്തോ ഒരു രൂപം നടന്ന് നീങ്ങുന്നത് അവന്‍ കണ്ടു. എന്താണെന്ന് മനസ്സിലാകുന്നില്ല. ആ രൂപത്തിന്റെ വേഗതക്കൊപ്പം അവനും നടത്തം പതുക്കെയാക്കി. അവന്റെ മനസ്സില്‍ ഭയത്തിന്റെ വിഷനാഗങ്ങള്‍ പത്തിവിടര്‍ത്തിയാടാന്‍ തുടങ്ങി. വെളിച്ചമില്ലാതെ ബാക്കി ദൂരം എങ്ങിനെ താണ്ടും. അവന്റെ ശരീരം ആകെ വിറക്കാന്‍ തുടങ്ങി. വിയര്‍ത്തൊഴുകി. എല്ലാ ദൈവങ്ങളേയും വിളിച്ച് അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് മുന്നോട്ടു മെല്ലെ നടന്നുകൊണ്ടിരുന്നു.

“ഠേ....” തൊട്ടുമുന്‍പില്‍ ഒരു വല്ലാത്ത ശബ്ദത്തോടെ എന്തോ വന്നുവീണു. അവന്‍ അമ്പരന്ന് അല്പനേരം നിന്നു. ഇനി എന്ത് ചെയ്യും? മുന്നോട്ട് പോവണമോ അതോ തിരിച്ചുപോവണമോ? അവന്‍ മറ്റൊരു കാര്യം കൂടി ശ്രദ്ധിച്ചു. മുന്നില്‍ നടന്നിരുന്ന രൂപം നിശ്ചലമാണ്. പെട്ടെന്ന് ഒരു ശ്മശാന മൂകത. ഒരു ശബ്ദവുമില്ല. ആ മൂകമായ അവസ്ഥ അവനെ ഒന്നുകൂടി ഞെട്ടിച്ചുകളഞ്ഞു. എന്തോ അനര്‍ത്ഥങ്ങള്‍ വരാനുള്ളതിന്റെ മുന്നോടി ആയിരിക്കുമോ?

അതാ എന്തോ ഇഴഞ്ഞുപോകുന്ന ശബ്ദം. അവന്റെ സുഹൃത്ത് ദിനേശന്‍ പലതവണ പറഞ്ഞ് കേട്ടിട്ടുള്ളതാണ് കാട്ടില്‍ മലമ്പാമ്പുള്ള കാര്യം. അവ മനുഷ്യനെ കിട്ടിയാല്‍ വിടില്ല. അവന്‍ അടുത്ത് കണ്ട ഒരു മരത്തില്‍ പെട്ടെന്ന് വലിഞ്ഞുകയറി.

വീശിയടിക്കുന്ന കാറ്റില്‍ കാട്ടാനയുടെ ചൂര് അവന്റെ മൂക്കിലെത്തി. ഈശ്വരാ... ഏത് നേരത്താണ് താന്‍ വീട്ടില്‍ നിന്നും ഇറങ്ങി പുറപ്പെട്ടത്. അച്ഛനും ചേട്ടനും തനിയെ പോവേണ്ടന്ന് തന്നോട് പറഞ്ഞതായിരുന്നു. നാണുവാശാനെ വിളിക്കാന്‍ സാധാരണ പോവാറ് ഏട്ടനാണ്. താന്‍ ഇന്ന് ഇറങ്ങിപ്പുറപ്പെട്ടത് നാണുവാശാന്റെ മുന്‍പില്‍ വലിയ ആളാവാന്‍ കൂടിയായിരുന്നു. കാരണം നാണുവാശാന്റെ കീഴില്‍ കളരിയഭ്യാസം പഠിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമായെങ്കിലും ആശാന്റെ പ്രതീക്ഷക്കൊത്തുയരാന്‍ അവനായിരുന്നില്ല. കൂടെ പഠിക്കുന്നവരെല്ലാം എത്ര പെട്ടെന്നാണ് ഓരോന്നും പഠിക്കുന്നത്. കോളേജവധിക്കാലത്ത് കളരിയഭ്യാസം പഠിക്കാന്‍ അച്ഛന്റെ ഗുരുവായ നാണുവാശാനോട് താന്‍ തന്നെയാണ് ആഗ്രഹം അറിയിച്ചത്. ആശാനെ ആഴ്ചയില്‍ രണ്ട് ദിവസം പഠനത്തിനായി വീട്ടിലേക്ക് കൊണ്ടുവരേണ്ടത് ചേട്ടന്റെ കടമയായിരുന്നു. ആശാന്‍ വീട്ടില്‍ താമസിച്ച് പഠിപ്പിച്ചുകഴിഞ്ഞാല്‍ ചേട്ടന്‍ തിരിച്ചുകൊണ്ടാക്കും. കളരിയഭ്യാസത്തിന്റെ ബാല്യപാഠങ്ങളായ ചുവടുകള്‍ എല്ലാം താന്‍ പഠിച്ചുവരുന്നതേയുള്ളൂ.

അതാ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു. കട്ടപിടിച്ച ഇരുട്ടുപോലെ ഒരു കൂറ്റന്‍ ഒറ്റയാന്‍! അത് സുരേഷ് ഇരുന്ന മരം ലക്ഷയം വച്ചാണ് വരുന്നത്! അവന്‍ സര്‍വ്വ ദൈവങ്ങളേയും വിളിച്ചുകൊണ്ട് കുറേക്കൂടി മുകളിലേക്ക് വലിഞ്ഞുകയറി. മനുഷ്യന്റെ ഗന്ധം മനസ്സിലാക്കിയ ഒറ്റയാന്‍ മരത്തിന്റെ താഴെ നിലകൊണ്ടു. അത് മരത്തില്‍ മസ്തകം കൊണ്ടാഞ്ഞിടിച്ച് ഉറക്കെ ചിന്നം വിളിച്ചു. സുരേഷ് താഴെ വീഴാതെ മരത്തില്‍ കെട്ടിപ്പിടിച്ച് തൂങ്ങിക്കിടന്നു.

ഒരു കൊള്ളിയാന്‍ മിന്നി. അതോടൊപ്പം ചെവിയടപ്പിക്കുന്ന ഭയങ്കര ഇടിനാദം. ആഞ്ഞടിക്കുന്ന കാറ്റ്. ചരല്‍ക്കല്ലു വാരി വിതറും പോലെ മഴ ആര്‍ത്തലച്ചുപെയ്യാന്‍ തുടങ്ങി. ഘോരവനമധ്യത്തില്‍ കൂരിരുട്ടുള്ള രാത്രിയില്‍ കാട്ടാനയുടെ കയ്യിലകപ്പെട്ട താന്‍ ഏതുസമയത്തും മരത്തില്‍ നിന്നും താഴെ പതിക്കാവുന്ന മട്ടില്‍ മഴനനഞ്ഞ് മരത്തില്‍ തൂങ്ങിക്കിടക്കുന്നു. അല്‍പ്പസമയത്തിനകം ഒറ്റയാന്‍ ഈ മരം മറിച്ചിടും. അതോടെ തന്റെ മരണം ഉറപ്പാണ്. അവന്‍ രണ്ടുകണ്ണും അടച്ച് മരണത്തെ മുന്നില്‍ കണ്ട് സര്‍വ്വദൈവങ്ങളേയും വിളിച്ച് പ്രാര്‍ത്ഥിച്ച് പേടിച്ചുവിറച്ച് കിടന്നു.

അകലെയെവിടെയോ ഒരു കാട്ടുപൂച്ചയുടെ കരച്ചില്‍. ഒരു കടവാവല്‍ അവന്റെ തലയില്‍ വന്നിടിച്ചിട്ട് പറന്ന് പോയി. പെട്ടെന്നുള്ള പരിഭ്രമത്താല്‍ സുരേഷിന്റെ കൈകള്‍ താനേ അയഞ്ഞു. അവന്‍ ഒരലര്‍ച്ചയോടെ താഴേക്കു പതിച്ചു. കാട്ടാനയുടെ മുന്‍പില്‍ത്തന്നെ.

പെട്ടെന്ന് തോന്നിയ ഒരു ഉള്‍പ്രേരണയാല്‍ അവന്‍ ചാടിയെണീറ്റ് ആനയുടെ കാലിനിടയിലൂടെ ഓടി. പരിസരബോധമില്ലാതെ ഓടിയ സുരേഷ് താന്‍ ഓടുന്നത് ഒരു അഗാധമായ പുഴയുടെ അടുത്തുകൂടിയാണെന്ന് അവന് മനസ്സിലായില്ല. ഒരു നിമിഷം.. അവന്റെ കാലുകള്‍ തെന്നി. അവന്‍ ഒരു അലര്‍ച്ചയോടെ ആ പുഴയിലേക്ക് വീണു. കൂരിരുട്ടില്‍ അവന്‍ ചെന്നുവീണത് കുതിച്ചൊഴുകുന്ന പുഴയുടെ ആഴമേറിയ കയത്തിലായിരുന്നു. നീന്തല്‍ അറിയാമായിരുന്ന അവന്‍ ദിക്കറിയാതെ നീന്തിത്തുടങ്ങി. ഏതോ ഒരു വൃക്ഷക്കൊമ്പില്‍ അവന് പിടിത്തം കിട്ടി. അവിടെ അവന്‍ മെല്ലെ പിടിച്ചുകയറി. തന്റെ അവസാനം അടുത്തെന്ന് അവന്‍ കരുതി. ആര്‍ത്തലച്ചൊഴുകുന്ന പുഴയുടെ നടുവില്‍ അവന്‍. ഇനി എങ്ങോട്ടെന്നില്ലാതെ നീന്തുകയേ മാര്‍ഗ്ഗമുള്ളൂ.

മെല്ലെ ഒഴുക്കിനനുകൂലമായി അവന്‍ നീന്തിത്തുടങ്ങി. കാലുകള്‍ കുഴയുന്നു. അവന്‍ ഇടയ്ക്കിടെ മുങ്ങിത്താഴ്ന്നു കൊണ്ടിരുന്നു. എന്നാല്‍ ഇടയ്ക്ക് എപ്പോഴോ അവന്റെ പാദം നിലത്ത് സ്പര്‍ശിച്ചപ്പോള്‍ അവന്‍ കരയിലേക്ക് വലിഞ്ഞുകയറി.

വഴിതെറ്റിയ സുരേഷ് കാട്ടിലൂടെ മഴയത്ത് യാത്ര തുടര്‍ന്നു. അതാ അങ്ങകലെ ഒരു ചെറിയ പ്രകാശം. അവന്റെ മനസ്സില്‍ പ്രതീക്ഷകള്‍ മൊട്ടിട്ടു.

അവന്‍ അവസാ‍നം എത്തിപ്പെട്ടത് അവന് പോകേണ്ട ഗ്രാമത്തില്‍ തന്നെയായിരുന്നു. അവിടെക്കണ്ട വീട്ടുകാരുടെ സഹായത്തോടെ അവന്‍ നാണുവാശാന്റെ വീട്ടിലെത്തി. ഉണ്ടായ സംഭവങ്ങള്‍ വിശദീകരിച്ചു. അപ്പോഴും അവന്റെ കണ്ണുകള്‍ എന്തോ കണ്ട് ഭയന്നെന്നപോലെ പുറത്തേക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു.

ഈ സംഭവത്തിനുശേഷം സുരേഷ് ഒരിക്കലും തനിയെ ആ ഘോരവനത്തിലൂടെ യാത്ര ചെയ്തിട്ടില്ല. മാത്രമല്ല നാണുവാശാന്റെ മുന്‍പില്‍ വലിയ ആളാവണമെന്ന ചിന്ത അതോടെ അവന്‍ ഉപേക്ഷിക്കുകയും ചെയ്തു.

- മാത്യു -

Add a Comment new
 

Page 1           Page 2         Mazha (Rain)     Malayalam poems 

d
 

Fatal error: ./cache/ is NOT writeable. in /home/mazhathu/public_html/lovepoems/includes/acm/acm_file.php on line 87